Home / ക്ഷേത്രത്തെക്കുറിച്ച്

ക്ഷേത്ര ചരിത്രവും ഐതിഹ്യവും

ശ്രീ മുനീശ്വരൻ കോവിൽ, കണ്ണൂർ — 900-ലധികം വർഷ­ങ്ങളുടെ പുണ്യ­പൈതൃകം

ശ്രീ മുനീശ്വരൻ കോവിൽ ശ്രീകോവിൽ
900+ വർഷങ്ങളുടെ പുണ്യപൈതൃകം

നഗരഹൃദയത്തിലെ ദിവ്യസാന്നിധ്യം

കണ്ണൂർ റെയിൽവേ സ്റ്റേഷന് അല്പം വടക്ക് മാറി പ്രധാനപാതയോരത്ത് നഗരഹൃദയത്തിലാണ് ഏതാണ്ട് 900 വർഷത്തിലധികം പഴക്കമുള്ള ശ്രീ മുനീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്നത്.

കണ്വമുനി തപസിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് 'കണ്ണൂർ' എന്ന പേരു വന്നത്. ശ്രീ മുനീശ്വരൻ കോവിൽ ഇപ്പോൾ സ്ഥിതി­ചെയ്യുന്ന സ്ഥലത്ത് പണ്ട് വരരുചി, പാണിനി, പതഞ്ജലി വ്യാകരണ മുനിത്രയത്തിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന മഹാക്ഷേത്രവും കനകത്തൂർ ബ്രാഹ്മണരുടെ വേദപാഠശാലയും ഉണ്ടായിരുന്നു.

അന്ന് 'തപോവനം' എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഈ ചരിത്ര സത്യം ചിറക്കൽ കോവിലകത്തിന്റെ പുരാതന രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

കണ്വമുനി തപസിരുന്ന പവിത്രഭൂമി — 'കണ്ണൂർ'
ചിറക്കൽ കോവിലകം രേഖകളിലെ പുരാതന 'തപോവനം'
വരരുചി, പാണിനി, പതഞ്ജലി മുനിത്രയ സാന്നിധ്യം

തീർത്ഥാടനവും മൂകാംബികാ ദർശനവും ജീവൽസമാധിയും

ആ കാലത്ത് കേരളത്തിന് പുറത്തു നിന്നും ഒരു മുനിശ്രേഷ്ഠൻ തന്റെ ശിഷ്യന്മാരുമൊത്ത് കൊല്ലൂർ ശ്രീ മൂകാംബികാ ദേവിയെ ദർശിക്കാനുള്ള തീർത്ഥയാത്രയ്ക്കിടയിൽ ഈ പുണ്യസങ്കേതത്തില് എത്തിച്ചേരുകയും ഈ സ്ഥലത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി ഇവിടെ വിശ്രമിക്കുകയും ചെയ്തു.

എന്നാൽ ജ്ഞാനദൃഷ്ടിയിൽ തന്റെ സമാധിക്കുള്ള സമയമടുത്തു എന്ന് മനസ്സിലാക്കിയ മുനീശ്വരൻ ശ്രീ മൂകാംബികാ ദേവിയെ ഹൃദയം നൊന്ത് പ്രാർത്ഥിച്ചു. ഭക്തന്റെ തീവ്ര പ്രാർത്ഥനയിൽ സന്തുഷ്ടയായ മൂകാംബികാ ദേവി മുനീശ്വരന് ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെട്ട് ദർശനം നൽകി അനുഗ്രഹിക്കുകയുണ്ടായി.

അതിനു ശേഷം ജീവൽ സമാധി പൂകിയ മുനീശ്വരന്റെ സമാധി സ്ഥലമാണ് ശ്രീ മുനീശ്വരൻ കോവിൽ. കോവിലിനകത്ത് കാണുന്ന പവിത്രമായ ശിലയ്ക്ക് താഴെ മുനീശ്വരൻ പ്രാർത്ഥനാനിരതനായി ധ്യാനരൂപത്തിൽ ഇരിക്കുന്നു എന്ന് സ്വർണ്ണ­പ്രശ്നത്തിലും താംബൂലപ്രശ്നത്തിലും മറ്റും തെളിഞ്ഞിട്ടുണ്ട്. 'മുനി' എന്നതിനോട് 'ഈശ്വരൻ' എന്ന് ചേർത്ത് ഭക്ത­ജനങ്ങൾ 'മുനീശ്വരൻ' എന്ന് ഭക്തിപൂർവ്വം വിളിച്ചു പ്രാർത്ഥിക്കുന്നു.

ശ്രീ മുനീശ്വരൻ ദിവ്യധ്യാനം മ്യൂറൽ

"കോവിലി­നകത്ത് കാണുന്ന ശിലയ്ക്ക് താഴെ മുനീശ്വരൻ ഇന്നും പ്രാർത്ഥനാ­നിരതനായി ധ്യാന­രൂപത്തിൽ കുടികൊള്ളുന്നു..."

ബ്രിട്ടീഷ് ഭരണകാലത്തെ അത്ഭുത സംഭവം


ബ്രിട്ടീഷ് അധിനിവേശ­കാലത്ത് ബ്രിട്ടീഷുകാർ ഇതുവഴി റോഡ് ഉണ്ടാക്കാൻ ശ്രമി­ക്കുക­യുണ്ടായി. അപ്പോൾ കോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മുനീശ്വരൻ ധ്യാനത്തിൽ ഇരിക്കുന്നത് പലപ്പോഴായി ജോലിക്കാർ നേരിൽ കാണാ­നിടയായി. ദിവ്യമായ ഈ അത്ഭുത­പ്രതിഭാസം ബോധ്യ­പ്പെട്ട അധികാരികൾ ആ പുണ്യ­സങ്കേതം ഒഴിവാക്കി, വശങ്ങളി­ലൂടെ റോഡ് പണി പൂർത്തി­യാക്കുകയാണ് ചെയ്തത്.

വീണാപാണി സരസ്വതീ സാന്നിധ്യവും സംഗീത-വിദ്യാ പൈതൃകവും

ശ്രീ മൂകാംബികാ ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ട് തൃപാദസ്പർശമേറ്റ പുണ്യസ്ഥലമായതിനാൽ ഈ ക്ഷേത്രം ഭക്തജനങ്ങൾക്ക് ശക്തിയും ഊര്ജ്ജവും പ്രദാനം ചെയ്യുന്നു.

ദേവി മുനീശ്വരന് പ്രത്യക്ഷയായത് വീണാപാണി സരസ്വതിയുടെ രൂപത്തിലാണെന്നതു കൊണ്ടു തന്നെ സംഗീതത്തിനും വിദ്യയ്ക്കും ഇവിടെ പ്രത്യേക പ്രാധാന്യമുള്ളതായി കാണുന്നു.

ദേവിയുടെ ഈ ദിവ്യ­സാന്നിധ്യം കാരണമാണ് ഈ ക്ഷേത്രത്തിൽ നവരാത്രി ഉത്സവവും വിദ്യാ-സംഗീത-ആദ്ധ്യാത്മിക കാര്യങ്ങളും പരമ­പ്രധാന­മായി മാറിയത്.

ശ്രീ വീണാപാണി സരസ്വതി